കൊടുങ്ങല്ലൂർ ഭരണി - Kodungallur Bharani

 

കൊടുങ്ങല്ലൂർ ഭരണി

Kodungallur Bharani


 കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ്‌ "'കൊടുങ്ങല്ലൂർ ഭരണി"' എന്നറിയപ്പെടുന്നത്. "ഭക്തിയുടെ രൗദ്രഭാവം" എന്നാണ് കൊടുങ്ങല്ലൂർ ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനത്തിലെ തിരുവോണം നക്ഷത്രം മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ പകൽ സമയം മുഴുവനും ക്ഷേത്രനട തുറന്നിരിക്കുന്നു. ഭരണിയോടനുബന്ധിച്ചു ദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു.


ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് ബ്രാഹ്മണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ദ്രാവിഡ ജനതയുടെ കൂടിച്ചേരലാണ്‌ ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു



അശ്വതി നാളിലെ കാവുതീണ്ടലിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ ലൈംഗികച്ചുവയുള്ള ഭക്തിപ്പാട്ടുകൾ പാടുന്ന ഒരു ആചാരം അടുത്തകാലം വരെ നിലനിന്നിരുന്നു. ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന്റെ പ്രതീകമായാണ് ഈ പാട്ട് പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. ആദ്യകാലത്തു ദ്രാവിഡജനത തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളുടെ ഒരു പങ്ക് സമർപ്പിച്ചുകൊണ്ട് തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾ ഭരണിപ്പാട്ടായി പാടി ആദിപരാശക്തിയെ ആരാധിച്ചിരുന്നതായി കരുതുന്നു. ദാരികവീരനെ വധിച്ചു കലിതുള്ളി വരുന്ന ഭദ്രകാളിയുടെ കോപമടക്കാൻ ശിവഗണങ്ങൾ ദേവീസ്തുതികൾ പാടി നൃത്തം ചവിട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഈ ഉത്‌സവം എന്നും; നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിൽ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു സംഹാരരുദ്രയായിമാറി മധുരാനഗരം ദഹിപ്പിച്ച വീരനായിക കണ്ണകിയെ സാന്ത്വനിപ്പിക്കാൻ ആണെന്നും വിശ്വസിക്കപ്പെടുന്നു.








ഭരണി കേരളത്തിലാകമാനമുള്ള, പ്രത്യേകിച്ചും വടക്കൻ ജില്ലകളിലെ ദ്രാവിഡ വിഭാഗങ്ങളുടെ അനുഷ്ഠാനമാണ്. കൊടുങ്ങല്ലൂർക്കാരായ ദ്രാവിഡരും ഇതിൽ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. കുടുംബികൾ, പുലയർ, അരയർ, വള്ളോൻ, വേലൻ എന്നിങ്ങനെ പല സമുദായങ്ങൾക്ക് ഭരണിയിൽ പ്രത്യേക പങ്കാളിത്തമുണ്ട്. മീനമാസത്തിലെ തിരുവോണം നാളിൽ വിശ്വകർമ്മജർ പട്ടും താലിയും സമർപ്പിക്കുന്നതിൽ തുടങ്ങി തച്ചോളി വീട്ടുകാരുടെ "കോഴിക്കല്ല് മൂടൽ" ചടങ്ങാണ് ആദ്യം., കോഴിക്കല്ലിന്മേൽ ചുവന്ന പട്ടു വിരിച്ചു പൂവൻകോഴിയെ സമർപ്പിക്കുന്നതാണ് ചടങ്ങ്. പിന്നീട് രേവതി നാളിലെ കളമെഴുത്തു പാട്ടും രേവതി വിളക്കും, അശ്വതി നാളിലെ രഹസ്യപൂജയായ "തൃച്ചന്ദനചാർത്ത്", തുടർന്ന് "കാവ് തീണ്ടൽ" എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഈ സമയത്ത് ചെമ്പട്ടണിഞ്ഞു വാളും ചിലമ്പും ധരിച്ച കോമരക്കൂട്ടങ്ങൾ ഉറഞ്ഞു തുള്ളുന്നു; ഭക്തർ മുളന്തണ്ടു കൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പോല തകിടുകളിൽ ആഞ്ഞടിച്ചു മൂന്ന് പ്രദക്ഷിണം ചെയ്തു നൃത്തം ചെയ്യുന്നു.


രേവതിക്ക് തലേദിവസം ഉതൃട്ടാതി നാൾ മുതൽ ക്ഷേത്രത്തിൽ വെളിച്ചപ്പാടന്മാർ കൂട്ടമായി എത്തിത്തുടങ്ങുന്നു. അവർ തങ്ങളുടെ "അവകാശത്തറകളിൽ" നിലയുറപ്പിക്കുകയും ചെയ്യുന്നു. പിറ്റേന്ന് സന്ധ്യക്ക്‌ ഭഗവതി ദാരികനിൽ നേടിയ വിജയം അറിയിച്ചു കൊണ്ട് ക്ഷേത്രത്തിൽ "രേവതി വിളക്ക്" തെളിയുന്നു. രേവതി തൊഴുന്നത് ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. ആയിരക്കണക്കിന് ഭക്തർ ആണ് രേവതി നാളിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ചുവന്ന പട്ടുകൊണ്ടു കോഴിക്കല്ലു മൂടൽ, കോഴിയെ സമർപ്പിക്കുക, വാളും ചിലമ്പും എടുക്കുക, രോഗദുരിത ശാന്തിക്കായി വസൂരിമാലക്ക് മഞ്ഞളും കുരുമുളകും അഭിഷേകം, ശ്വാസകോശരോഗങ്ങൾ അകലുവാൻ തവിടാട്ടുമുത്തിക്ക് (ചാമുണ്ഡി) തവിട് ഉഴിഞ്ഞു ഇടുക, ഇഷ്ടവിവാഹത്തിനും ദീർഘ മംഗല്യത്തിനുമായി പട്ടും താലിയും നടയ്ക്കു വെക്കുക തുടങ്ങി ധാരാളം വഴിപാടുകളും ഭരണിയോടനുബന്ധിച്ചു നടക്കാറുണ്ട്. ശാക്തേയപൂജയിൽ അധിഷ്ഠിതമായ ദ്രാവിഡ ആചാരങ്ങൾ ആണ് കൂടുതലും ഭരണിക്ക് കാണപ്പെടുന്നത്. ഇത് കാളിയുടെ ദ്രാവിഡബന്ധം ആണ് വെളിവാക്കുന്നത്.

Photography: Shobin AB

Location: Kodungallur
 Write up : Wikipedia

Comments

Popular Posts