ബജാജ് ചേതക്




പുരാതന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു മേവാര്‍. അവിടുത്തെ ചക്രവർത്തിയായിരുന്നു മഹാരാജാ റാണാ പ്രതാപ് സിംഗ്. മുഗളർക്ക് മുൻപിൽ തോൽവിയറിയാത്ത ചരിത്ര പ്രസിദ്ധന്‍. റാണാ പ്രതാപ് സിംഗിന് കരുത്തനായ ഒരു കുതിരയുണ്ടായിരുന്നു. പേര് ചേതക്. പറഞ്ഞുവരുന്നത് റാണാ പ്രതാപ് സിംഗിനെക്കുറിച്ചോ ചേതക്കിനെക്കുറിച്ചോ അല്ല. കരുത്തുറ്റ ഒരു ഇരുചക്ര വാഹനത്തെക്കുറിച്ചാണ്. ഓര്‍മ്മകളിലെ ഇരുചക്ര രാജകുമാരന്‍ ബജാജ് ചേതക്കിനെ കുറിച്ച്.



ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി 1972 ൽ ചേതക്കിനെ അവതരിപ്പിക്കുമ്പോള്‍ റാണാ പ്രതാപ് സിംഗിന്‍റെ കുതിരയായിരുന്നിരിക്കണം ബജാജിന്‍റെ മനസ്സില്‍.  എന്തായാലും പുണെയിലെ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്ലാന്‍റില്‍ നിന്നും കുതിരയുടെ കരുത്തുമായിട്ടാണ് ചേതക് സാധാരണക്കാരന്‍റെ വാഹന സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങിയത്.
ഒരുകാലത്ത് മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ വാഹനസ്വപ്നങ്ങളിലെ രാജകുമാരനായിരുന്നു ചേതക്.  145 സി സി ടു സ്ട്രോക്ക് എഞ്ചിന്‍. ഇടംകൈയ്യില്‍ ഷിഫ്റ്റ് ചെയ്യാവുന്ന ഫോര്‍ സ്പീഡ് ട്രാന്‍സ്മിഷന്‍. 80 കിലോമീറ്റര്‍ വേഗതയില്‍ കുതിപ്പ്. ഇരുചക്ര വാഹനമെന്നാല്‍ ചേതക്കാണെന്നായിരുന്നു സാധാരണക്കാരന്റെ വിശ്വാസം. ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനം.

എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജപ്പാന്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ വേഗതയും നിയന്ത്രണവും നല്‍കുന്ന ഗിയര്‍ സംവിധാനവും മൈലേജും നല്‍കുന്ന ബൈക്കുകളും ഗിയര്‍ രഹിത സ്കൂട്ടറുകളും ഒഴുകിയിറങ്ങി.  ഈ ഒഴുക്കിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ചേതക്കിനു കഴിഞ്ഞില്ല. അങ്ങനെ മൂന്നുപതിറ്റാണ്ട് നീണ്ട വിജയ യാത്ര 2006ല്‍ അവസാനിച്ചു. ചേതക്കിനെ വിപണിയില്‍ നിന്നും പിന്‍വലിച്ച് ബജാജും ബൈക്ക് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു.


Photography: Shobin AB

Comments

Popular Posts